കടലും പുഴയും സംഗമിക്കുന്ന പുണ്യ ഭൂമിയിൽ,
ഉണ്ണിയേശുവിനെ കൈകളിലേന്തിയുള്ള മാതാവിന്റെ തിരുരൂപം....
പ്രാർഥനയർപ്പിച്ചു , നാനാജാതി മതത്തിൽപ്പെട്ട വിശ്വാസികൾ എത്തിച്ചേരുന്ന ദേവാലയം. മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും അമ്മത്തൊട്ടിൽ കെട്ടിയും ആമപൂട്ട് പൂട്ടിയും വിശ്വാസികൾ തങ്ങളുടെ പ്രാർഥനയുമായി എത്തുന്ന വേളാങ്കണ്ണി . .. തീർത്ഥാടകർ ധാരാളമെത്തുന്ന
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ നാഗപ്പട്ടണത്തുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള വേളാങ്കണ്ണി പള്ളി.
മാതാവിന്റെ അദ്ഭുതദര്‍ശനവുമായി ബന്ധപ്പെട്ടാണ് ദേവാലയത്തിന്റെ പിറവിയെന്നാണ് ഒരു വിശ്വാസം.
ഒരു ബാലനായിരുന്നു, മാതാവിന്റെ ആദ്യത്തെ ദര്‍ശനം ലഭിച്ചത്. അതിനുശേഷം മോരുവിൽപനക്കാരനായ ഒരു മുടന്തൻ ബാലന് ദർശനം ലഭിക്കുകയും അവൻ ആരോഗ്യവാനാവുകയും ചെയ്തതോടെ മാതാവ്, ആരോഗ്യമാതാ എന്നറിയപ്പെടാൻ തുടങ്ങി.
അന്നാണ് മാതാവിന്റെ അരുളപ്പാട് പ്രകാരം, ആ മോരുവിൽപനക്കാരൻ ബാലന്റെ മുതലാളി ഓല മേഞ്ഞ ഒരു പള്ളി നിർമിച്ചത് എന്നു കരുതുന്നു.
അതിനുശേഷമാണ് ഇന്നു കാണുന്ന ദേവാലയത്തിന്റെ നിർമിതിക്ക് ആധാരമായ ഐതിഹ്യം നടക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ബംഗാൾ ഉൾക്കടലിലെ കടൽക്ഷോഭത്തിൽപ്പെട്ട ഒരു പോർട്ടുഗീസ് കപ്പൽ അദ്ഭുതകരമായി രക്ഷപ്പെടുകയും അവർ തങ്ങളുടെ കപ്പൽ വേളാങ്കണ്ണി തീരത്തേക്ക് അടുപ്പിക്കുകയും ചെയ്തു. മാതാവിന്റെ അനുഗ്രഹത്താലാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് വിശ്വസിച്ച കപ്പലിലുണ്ടായിരുന്നവർ അന്നുണ്ടായിരുന്ന ദേവാലയത്തെ കുറച്ചുകൂടി വലുപ്പമുള്ളതാക്കി മാറ്റി നിർമിച്ചു.
പിന്നീട് വേളാങ്കണ്ണിയിലൂടെയുള്ള ഓരോ യാത്രയിലും അവർ അവിടെയെത്തുകയും ദേവാലയത്തിന്റെ നവീകരണത്തിൽ മുഴുകുകയും ചെയ്തു.
വേളാങ്കണ്ണി വാസ്കോഡ ഗാമയും പോർച്ചുഗീസുകാരും ദേവാലയവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തങ്ങളിൽ ഏർപ്പെട്ടതായി ചരിത്രരേഖകളിൽ പറയുന്നില്ലെങ്കിലും ഇപ്പോൾ കാണുന്ന മഞ്ഞപട്ടുടുത്ത ഉണ്ണിയേശുവിനെ കൈകളിലെടുത്തുള്ള മാതാവിന്റെ പ്രതിഷ്ഠ സ്ഥാപിച്ചത് പോർച്ചുഗീസുകാരാണെന്നാണ് പറയപ്പെടുന്നത് .
പിന്നീടെത്തിയ ഡച്ചുകാർ 1771 ൽ ഈ ദേവാലയത്തെ പാരിഷ് ചർച്ചാക്കി മാറ്റി. 1962 ലാണ് മൈനർ ബസിലിക്കയായി വേളാങ്കണ്ണി പള്ളി ഉയർത്തപ്പെടുന്നത്.
അഞ്ചേക്കറിലാണ് വേളാങ്കണ്ണിയിലെ ദേവാലയം സ്ഥിതിചെയ്യുന്നത്. എല്ലാദിവസവും ഇവിടെ സന്ദർശകരെ അനുവദിക്കാറുണ്ട്. പ്രാർഥന അർപ്പിക്കാനും കുർബാന സ്വീകരിക്കുന്നതിനുമൊക്കെ അവസരങ്ങളുമുണ്ട്. ദേവാലയത്തിൽ 5.45 നാണ് ആദ്യകുർബാന.
തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം കുർബാന അർപ്പിക്കപ്പെടുന്നുണ്ട്. രാവിലെ അഞ്ചിന് തുറക്കുന്ന ബസിലിക്ക അടയ്ക്കുന്നത് രാത്രി ഒമ്പതു മണിക്കാണ്.
ക്രിസ്തീയ ആചാരങ്ങൾ കൂടാതെ ഹൈന്ദവ ആചാരങ്ങളും നിലനിൽക്കുന്ന ഇവിടെ നേർച്ചയായി തലമുണ്ഡനം ചെയ്യുന്നവരും കുട്ടികൾ ഉണ്ടാകുന്നതിനായി അമ്മത്തൊട്ടിൽ കെട്ടുന്നവരും വിവാഹബന്ധം വേര്‍പിരിയാതിരിക്കാനായി ആമപ്പൂട്ട് പൂട്ടി താക്കോൽ കടലിലേക്ക് വലിച്ചെറിയുന്നവരും ധാരാളമാണ്.
അതുപോലെ തന്നെ ആഗ്രഹസാഫല്യത്തിനായി ദേവാലയ മുറ്റത്തുനിന്നു കിലോമീറ്ററുകൾ മുട്ടിലിഴയുന്നവരും വിവാഹം നടക്കാനായി മഞ്ഞച്ചരട് വഴിപാടായി സമർപ്പിക്കുന്നവരും ധാരാളം.
വേളാങ്കണ്ണിയിലെ ഈ ദേവാലയത്തിനോട് ചേർന്ന് ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്. മാതാവിനോട് പ്രാർഥിക്കുകയും ഫലം സിദ്ധിക്കുകയും ചെയ്തവരുടെ സമർപ്പണങ്ങളും നേർച്ചകളും സൂക്ഷിച്ചിരിക്കുന്നതവിടെയാണ്.
ആ നേർച്ചകളും സമർപ്പിക്കപ്പെട്ട വസ്തുക്കളും കാണുമ്പോൾ തന്നെ മനസിലാകും എത്രയെത്ര വിശ്വാസികളാണ് ഈ തിരുമുറ്റത്ത് വിശ്വാസികളായി എത്തുന്നതെന്ന്. രാവിലെ 6.30 യ്ക്കാണ് ഈ മ്യൂസിയം തുറക്കുന്നത്. രാത്രി 8 മണിവരെ ഇത് സന്ദർശകർക്കായി തുറന്നിരിക്കും.....
കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന റോമൻ മാതൃകയിൽ പണിത ഈ ദേവാലയം, കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്നു.
No comments:
Post a Comment
Thank You