“തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്കാ 2:50-51).
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: എട്ടാം തീയതി
പരിശുദ്ധ കന്യകയില്‍ സകല സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി അഭ്യസിച്ചിരുന്നു. തന്നിമിത്തം പിന്നീടുള്ള ജീവിതത്തില്‍ പ്രസ്തുത സുകൃതങ്ങള്‍ ദിവ്യജനനി പ്രാവര്‍ത്തികമാക്കുന്നതു നാം കാണുന്നു.
ഹവ്വാ കന്യകയായിരിക്കുമ്പോള്‍ തന്നെ സാത്താനെ വിശ്വസിച്ചതിനാല്‍ അനുസരണരാഹിത്യവും പാപവും അവളില്‍ ഉത്ഭവിച്ചു. എന്നാല്‍ പരിശുദ്ധ കന്യകാമറിയം വിശ്വാസത്തിലും സന്തോഷത്തിലും പരിപൂരിതയായി ഇപ്രകാരം പ്രതിവചിച്ചു: “നിന്‍റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ.”. ഇപ്രകാരം പിശാചിന്‍റെ പ്രവര്‍ത്തനങ്ങളെ നശിപ്പിച്ച് മാനവവംശത്തെ നിത്യമരണത്തില്‍ നിന്ന്‍ മോചിപ്പിക്കുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധേയമായ പങ്ക് വഹിച്ചിരിന്നുവെന്ന് സഭാപിതാവായ വി. ജസ്റ്റിന്‍ പ്രസ്താവിക്കുന്നുണ്ട്.
വിശ്വാസത്തിലൂടെ നാം ദൈവത്തെ അഭിമുഖീകരിച്ച് അവിടുത്തേക്ക് സ്വയം അര്‍പ്പിക്കുന്നു. മേരി തന്‍റെ അര്‍പ്പണം അതിന്‍റെ പൂര്‍ണതയില്‍ നിര്‍വഹിച്ചു. പരിശുദ്ധ കന്യകയുടെ ശരണം എത്ര ശക്തമായിരുന്നു എന്നു നമുക്കു പരിശോധിക്കാം. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ കാണാതെ പോയ അവസരത്തിലും കാല്‍വരിയിലും മേരിയുടെ പ്രത്യാശ വിശുദ്ധ ഗ്രന്ഥം എടുത്തു കാണിക്കുന്നുണ്ട്. കുരിശിന്‍ ചുവട്ടില്‍ നിന്ന അവസരത്തില്‍ അവള്‍ പ്രദര്‍ശിപ്പിച്ച ധീരതയും അതിലൂടെ പ്രകടമാക്കിയ പ്രത്യാശയും മാനവകുലത്തില്‍ എന്നും അത്ഭുതജനകമാണ്.
മേരിയുടെ ദൈവസ്നേഹമാണ് ദൈവമാതൃത്വ സ്ഥാനത്തിന് അവളെ പ്രാപ്തയാക്കിയത്. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയതു മുതല്‍ കാല്‍വരിയിലെ മഹായജ്ഞം പൂര്‍ത്തിയാകുന്നതു വരെ ദൈവത്തോടും മനുഷ്യരോടുമുള്ള അത്യുദാരവും ഉദാത്തവുമായ സ്നേഹത്തിന്‍റെ പ്രകാശനം പലപ്പോഴും ദൃശ്യമാകുന്നുണ്ട്. നീതി, വിവേകം, ധൈര്യം, വിനയം, സേവനസന്നദ്ധത, അനുസരണം, ശാലീനത, ലാളിത്യം മുതലായ എല്ലാ ധാര്‍മ്മിക സുകൃതങ്ങളും പരിശുദ്ധ കന്യകയില്‍ നിറഞ്ഞിരിന്നു.
പരിശുദ്ധ കന്യക ദൈവാലയത്തില്‍ പ്രാര്‍ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്‍ത്ഥനാ നിരതമായ ജീവിതമാണ് അവള്‍ നയിച്ചത്. ദൈവികമായ കാര്യങ്ങള്‍ ധ്യാനിച്ചും നിര്‍ദ്ദിഷ്ടമായ ജോലികള്‍ നിര്‍വഹിച്ചുമാണ് അവള്‍ സമയം ചെലവഴിച്ചത്. ഒരു നിമിഷം നാം ദൈവസന്നിധിയില്‍ എത്രമാത്രം തത്പരരാണെന്ന് ചിന്തിക്കാം. ദൈവകല്‍പനകള്‍ അനുസരിക്കുന്നതിലും ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ അനുഷ്ഠിക്കുന്നതിലും നമ്മെ ഭരമേല്‍പ്പിച്ചിട്ടുള്ള ജോലികള്‍ വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുന്നതിലും നാം എത്രമാത്രം തത്പരരാണെന്ന് ആത്മശോധന ചെയ്യുക.
പ്രാര്‍ത്ഥന:
ദൈവജനനിയായ പരിശുദ്ധ കന്യകാമറിയമേ, അവിടുന്ന്‍ സകല ഗുണ സമ്പൂര്‍ണയായിരുന്നല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. ആകയാല്‍, ദിവ്യജനനി, ഞങ്ങള്‍ അങ്ങയുടെ സുകൃതങ്ങള്‍ അനുകരിച്ചു കൊണ്ട് പരിപൂര്‍ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷ്ണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങു പരിഹരിക്കണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക).
സുകൃതജപം
ദാവീദിന്‍റെ കോട്ടയായ മറിയമേ, നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്കു നീ അഭയമാകേണമേ.
No comments:
Post a Comment
Thank You