Monday, July 4, 2022

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം | ജൂലൈ 5 | അറിയേണ്ടതെല്ലാം???


വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം.

"എന്റെ എഴുത്തുകൾ വായിച്ചു,
ഏറ്റവും കൂടുതൽ,
ചിരിച്ചത് ഞാനായിരിക്കും,
കരഞ്ഞതും ഞാനായിരിക്കും,
കാരണം അതൊക്കെയും,
എന്റെ അനുഭവങ്ങളായിരുന്നു"
                                                                               
(വൈക്കം മുഹമ്മദ് ബഷീർ)

ഇന്ന് ജൂലൈ 5, മലയാള നോവലിസ്റ്റും, കഥാകൃത്തും, സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം!!!.

1908 ജനുവരി 21ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു.

 ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. സാമാന്യമായി മലയാള ഭാഷയറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ ക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു.


ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.
ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്ന് നോവലുകൾക്കു മോചനം നൽകിയത് ബഷീറാണ്.

തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിം സമുദായത്തിൽ ഒരു കാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്,തന്റെ 50-ആം വയസ്സിൽ, അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും, പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായ ഫാബി ബഷീർ എന്ന ഫാത്തിമ ബീവി ആയിരുന്നു ബഷീറിന്റെ ഭാര്യ. 1957 ഡിസംബർ 18-നായിരുന്നു ബഷീറിന്റെ വിവാഹം, അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും, രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാത്തിമ ബീവി തുറന്നുപറയുന്നത്.


നിരവധി ബഹുമതികൾ ബഷീർ എന്ന എഴുത്തകാരനെ തേടിയെത്തിയിരുന്നു,

  •  ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970 
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
  •  കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
  • സംസ്കാരദീപം അവാർഡ് (1987)
  • പ്രേംനസീർ അവാർഡ് (1992)
  • ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)
  • മുട്ടത്തുവർക്കി അവാർഡ് (1993)
  • വള്ളത്തോൾ പുരസ്കാരം‌(1993)




വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. കഥകളുടെ സുല്‍ത്താനു, 
പ്രിയപ്പെട്ട എഴുത്തുകാരന് 
പ്രണാമം!!!

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...