*മത്താ:9: 35-38*
_"യേശുവിന് അവരുടെമേല്‍ അനുകമ്പ തോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു"_
————————————
കേരളം അനുകമ്പയുടെ സുവിശേഷം ജീവിതംകൊണ്ട് പ്രഘോഷിച്ച നാളുകളായിരുന്നു പ്രളയകാലം. നന്മയുടെ കുറേ മുഖങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടല്ലോ എന്ന പ്രത്യാശ അതു നല്‍കി. *മറ്റു സാധ്യതകളൊന്നുമില്ലാതെ മനസ്സു നീറി ഇരിക്കുന്നവരോട് മനസ്സില്‍ നന്മയുള്ളവര്‍ക്കു തോന്നുന്ന വികാരമാണ് അനുകമ്പ*. ചില വ്യവസായഭീമന്മാരുടെ 9000 കോടി കടത്തെക്കുറിച്ച് തോന്നുന്ന വികാരമല്ലത്.
*പരിഭ്രാന്തരും നിസ്സഹായരുമായവരെ നീ കണ്ടിട്ടുണ്ടോ?*
ഇല്ലെങ്കില്‍ മെഡിക്കല്‍ കോളേജിന്‍റെ വരാന്തയിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്നു നടക്കണം. *നല്ലൊരു തീര്‍ത്ഥാടനമാകുമത്.* എന്തൊക്കെയോ ചെയ്യാനുള്ള വേവലാതിയോടെ തിടുക്കത്തില്‍ നടക്കുന്നവരും, ഇനി എന്ത് ആശിക്കാന്‍ എന്ന ഭാവത്തില്‍ ഓരോ മൂലയില്‍ മൗനിയാകുന്നവരും. ഇവരെ കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന ഭാവത്തെ അടിസ്ഥാനമാക്കി നിന്നിലെ അനുകമ്പയുടെ ആഴം അളക്കാന്‍ കഴിയും-സ്വയം.
*ഇത്തരം തീര്‍ത്ഥാടനങ്ങളാണ് നിന്നെ നീ ആക്കുന്നത്. നിന്നിലെ നന്മയുടെ മുഖം തെളിക്കുന്നത്. നീ ഇത്രയുമേ ഉള്ളൂ എന്ന് പഠിപ്പിക്കുന്നത്. നിനക്കും ഇതേ അവസ്ഥയൊക്കെ വരാം എന്നു ഓര്‍മ്മിപ്പിക്കുന്നത്. ആ തിരിച്ചറിവ് വലിയൊരു നേട്ടവും പാഠവുമാകും. അനുകമ്പയുടെ സുവിശേഷമാകാനുള്ള വഴിയാകുമത്.*
സ്വയം പരിഭ്രാന്തിയുടെയും നിസ്സഹായതയുടെയും അവസ്ഥയിലായിരിക്കുമ്പോഴും നമ്മെ അതിശയിപ്പിക്കുന്ന നന്മകള്‍ ചെയ്യുന്ന ചില ജീവിതങ്ങളെ കാണാറില്ലേ.. അവര്‍ നമ്മോടു പറയുന്നത് എന്താണ്? *നിസ്സഹായന് ഒരു കൈ സഹായമാകാന്‍, ആവശ്യക്കാരന് വലിയ ആലോചനയൊന്നും കൂടാതെ സമയത്ത് സഹായം ചെയ്യാന്‍ നീ വലിയ ധനവാനൊന്നും ആകേണ്ടതില്ല; മനസ്സു മാത്രം മതിയെന്ന്.*
*കരുണ കാട്ടാന്‍, സ്വയം കാരുണ്യമായി മാറാന്‍ ചിലപ്പോഴെങ്കിലും നിനക്കാകുമെങ്കില്‍, സ്വയം അല്പം കരുണ ആവശ്യമായി വരുന്ന നേരത്ത് നീ അറിയാതെ-നീ വിളിക്കാതെ ചില കരുണയുടെ രൂപങ്ങള്‍ മുന്നിലുദിക്കും-നിശ്ചയം.*
————————————
No comments:
Post a Comment
Thank You