പ്രാര്‍ത്ഥനയുടെ അന്തഃസത്ത വെളിവാക്കുന്ന ക്രിസ്തുവിന്‍റെ ഉപമ
1. ഫരിസേയനും ചുങ്കക്കാരനും
ഇന്നത്തെ സുവിശേഷഭാഗത്ത് രണ്ടു പേര്‍ പ്രാര്‍ത്ഥിക്കാന്‍ പോയ കഥയാണ് ക്രിസ്തു പറഞ്ഞത് – ഒരാള്‍ ഫരീസേയനും, മറ്റേയാള്‍ ഒരു ചുങ്കക്കാരനും! പ്രാര്‍ത്ഥനയില്‍ ദൈവികകാരുണ്യം യാചിക്കുന്നതിന് നമുക്ക് ഉണ്ടായിരിക്കേണ്ട മനോഭാവത്തെക്കുറിച്ചാണ് അവിടുന്നു പഠിപ്പിക്കുന്നത്. എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും, എന്തു മനോഭാവത്തോടെ പ്രാര്‍ത്ഥിക്കണമെന്നും ക്രിസ്തു പഠിപ്പിക്കുന്നു. പ്രാര്‍ത്ഥിക്കാന്‍ ദേവാലയത്തില്‍ രണ്ടു പേര്‍ പോയി. അവര്‍ പ്രാര്‍ത്ഥിച്ചത് രണ്ടു തരത്തിലാണ്. വ്യത്യസ്തമായ ഫലങ്ങളുമാണ് അവരുടെ പ്രാര്‍ത്ഥന സൃഷ്ടിച്ചതും. ഒരോരുത്തരുടെയും പ്രാര്‍ത്ഥന പരിശോധിക്കുന്നത് നമ്മുടെ പ്രാര്‍ത്ഥനയെ സഹായിക്കും.
2. പ്രകടനപരതയുള്ള ഫരിസേയന്‍റെ പ്രാര്‍ത്ഥന
ഫരിസേയന്‍റെ പ്രാര്‍ത്ഥന വാക്കുകളുടെ കൂമ്പാരമാണ്. സ്വന്തം വാചാലതയുടെ പ്രകടനമായിരുന്നത്. വാചാലതയില്‍ എപ്പോഴും വമ്പത്തരമുണ്ട്. കഴിവുകള്‍ നിരത്തി നാം അപരനെക്കാള്‍ വലിയ ആളാണെന്നു കാണിക്കാനുള്ള പ്രകടനപരതയാണിവിടെ കാണുന്നത്. അയല്‍ക്കാരനെ ചൂഷകനും, പാപിയുമായിട്ടാണ് പ്രാര്‍ത്ഥനയില്‍ ഫരീസേയന്‍ വരച്ചുകാട്ടുന്നത്. താന്‍ ഈ ചുങ്കക്കാരനെപ്പോലെയല്ലെന്നും, അതിനാല്‍ താന്‍ നല്ലവനാണെന്നും അയാള്‍ വീമ്പടിക്കുന്നു (11).
3. പ്രാര്‍ത്ഥനയിലെ ആത്മപ്രശംസ
ഇവിടെ കാണുന്ന പ്രശ്നം, ഫരീസേയന്‍ പ്രാര്‍ത്ഥിക്കുകയാണെങ്കിലും പ്രാര്‍ത്ഥനയില്‍ അയാള്‍ നിരത്തുന്നത് ഒരു ആത്മപ്രശംസയാണ്. അയാള്‍ സ്വയം ന്യായീകരിക്കുന്നു. ദൈവത്തിന്‍റെ മുന്നില്‍ പ്രണമിക്കുന്നതിനു പകരം, അയാളുടെ ആത്മഗതത്തില്‍ അപരന്‍റെ കുറ്റങ്ങള്‍ ആദ്യം നിരത്തുകയാണ്.
4. പ്രാര്‍ത്ഥനയിലെ ശാരീരിക ഭാവം
പ്രാര്‍ത്ഥിക്കുന്ന ഫരിസേയന്‍റെ ശാരീരിക ഭാവം ശ്രദ്ധേയമാണ്. നിന്നുകൊണ്ടാണ് അയാള്‍ പ്രാര്‍ത്ഥിച്ചത്. തിരുസന്നിധാനത്തില്‍ അയാള്‍ പ്രണമിക്കുന്നില്ല, സാഷ്ടാംഗപ്രണാമം ചെയ്യുന്നില്ല. താന്‍ ആരോ ആണെന്ന സുരക്ഷാബോധമായിരുന്നിരിക്കണം അപ്രകാരം ഒരു ശാരീരികഭാവം പ്രാര്‍ത്ഥനയില്‍ എടുക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. ഫരീസേയനാകയാല്‍, താന്‍ ഒരു പ്രമാണിയും, ദേവാലയത്തിന്‍റെ കാര്യക്കാരനുമാണെന്നുമുള്ള ചിന്തയും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നുണ്ടാകാം.
5. സ്വന്തം നന്മകളുടെ ആത്മപ്രശംസ
സ്വന്തം നന്മകളാണ് അയാള്‍ പ്രാര്‍ത്ഥനയില്‍ ആദ്യം നിരത്തുന്നത്. അയാള്‍ മാനുഷികമായ കുറവുകള്‍ക്ക് അതീതനാണത്രേ! കാരണം കല്പനകള്‍ പാലിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നുണ്ട്. കപ്പം കൊടുക്കുന്നുണ്ട്! ചുരുക്കത്തില്‍ നിയമങ്ങള്‍ വള്ളിപുള്ളി വിടാതെ പാലിക്കുന്നുമുണ്ട്. എന്നാല്‍ അയാളുടെ മനോഭാവം ദൈവികമല്ല. അയാള്‍ ദൈവിക വഴിയെയല്ല നടക്കുന്നത്. സ്വാര്‍ത്ഥതയുടെയും അഹംഭാവത്തിന്‍റെയും മനോഭാവം അയാളെ ദൈവിക വഴികളില്‍നിന്നും അകറ്റിനിര്‍ത്തുന്നു. സ്വന്തം വാക്കുകള്‍ അയാളെ ദൈവത്തില്‍നിന്നും വിദൂരസ്ഥനാക്കുന്നു.
6. സഹോദരനില്‍നിന്നും അകന്നുനിന്നുള്ള പ്രാര്‍ത്ഥന
ഓര്‍ക്കുക, എല്ലാവരെയും സ്നേഹിക്കുന്ന ദൈവം ഒരിക്കലും പാപിയെ വെറുക്കുന്നില്ല. എന്നാല്‍ ഈ ഫരിസേയന്‍ തൊട്ടടുത്തു ജീവിക്കുന്ന ചുങ്കക്കാരനായ മനുഷ്യനെ പാപിയെന്നു മുദ്രകുത്തി പുച്ഛിക്കുകയാണ്. എന്നിട്ട് സ്വയം ന്യായീകരിക്കുന്നു. ഇതുവഴി “നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക!” എന്നു ക്രിസ്തു പഠിപ്പിച്ച കല്പനകളിലെ കല്പന, ശ്രേഷ്ഠമായ കല്പന നിരസിക്കുകയാണ് (മര്‍ക്കോസ് 12, 30-31).
7. എങ്ങനെ പ്രാര്‍ത്ഥിക്കുന്നെന്നത് ഏറെ പ്രധാനം
നാം എത്രത്തോളും പ്രാര്‍ത്ഥിക്കുന്നു എന്നതിലും പ്രധാനപ്പെട്ടത്, നാം എങ്ങനെ പ്രാര്‍ത്ഥിക്കുന്നുവെന്നതാണ്. നമ്മുടെ ഹൃദയം ഏത് അവസ്ഥയിലാണെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും വിലയിരുത്തണം. അഹങ്കാരവും പരദൂഷണവും പാടെ മാറ്റണം. ധാര്‍ഷ്ട്യത്തോടെ ഒരുവനു പ്രാര്‍ത്ഥിക്കാനാവുമോ? അതുപോലെ അഹങ്കാരത്തോടെയും ഒരാള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ സാധിക്കുമോ? നാം ആയിരിക്കുന്ന അവസ്ഥയില്‍ ദൈവസന്നിധിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുന്നതാണ് പ്രാര്‍ത്ഥന.
8. പ്രാര്‍ത്ഥനയിലെ സ്വാര്‍ത്ഥതയും വൈകാരികതയും
പലപ്പോഴും പ്രാര്‍ത്ഥനയുടെ പേരില്‍ നമ്മുടെ തന്നെ കാര്യങ്ങളില്‍ ഉന്മത്തരായും, സഹോദരങ്ങളെ മറന്നും, ചിലപ്പോള്‍ അവര്‍ക്ക് എതിരായിട്ടുമാണ് നാം ദൈവത്തിന്‍റെ കരുണ വൈകാരികമായി തേടുന്നത്. അങ്ങനെ പ്രാര്‍ത്ഥനയില്‍ മനസ്സുനിറയെ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും കടന്നുകൂടാം. എന്നാല്‍ പ്രാര്‍ത്ഥനയില്‍ ഹൃദയത്തിലേയ്ക്ക് ഇറങ്ങുകയും ആത്മപരിശോധചെയ്യുകയുമാണ് വേണ്ടത്. നാം പ്രാര്‍ത്ഥനയില്‍ ദൈവികൈക്ക്യത്തോടൊപ്പം സഹോദരങ്ങളോടുള്ള ഐക്യത്തിനായും പരിശ്രമിക്കണം.
9. പ്രാര്‍ത്ഥന ദൈവികൈക്യമാണ്
പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥമായ നിശ്ശബ്ദതയില്‍ നാം ദൈവികൈക്യം കണ്ടെത്തും. അപ്പോള്‍ ദൈവം നമ്മോടു സംസാരിക്കും. ഈ ദൈവിക ഐക്യത്തില്‍നിന്നാണ് നാം സഹോദരങ്ങളിലേയ്ക്ക് തിരിയേണ്ടതും അവരുമായി സംസാരിക്കേണ്ടതും. അപ്പോള്‍ ദൈവികൈക്യത്തില്‍നിന്നും യാഥാര്‍ത്ഥ്യമാകുന്ന സഹോദരബന്ധവും പ്രാര്‍ത്ഥനയുടെ ഭാഗമാണ്. ഫരീസേയന്‍ ദേവാലയത്തിലേയ്ക്കു പോയത് തന്നെക്കുറിച്ചു തന്നെയുള്ള വലിയ ധാരണകളോടെയാണ്. തന്‍റെ കഴിവും പ്രാപ്തിയും, സമ്പത്തും കരുത്തുമൊക്കെ അതില്‍ നിഴലിക്കുന്നുണ്ട്. എന്നാല്‍ സഹോദരനെ വെറും നീചനും പാപിയുമായി തള്ളിമാറ്റുകയും ചെയ്യുന്നു. തന്‍റെ ഹൃദയത്തിന്‍റെ വഴിമാറിപ്പോയത് അയാള്‍ക്കു മനസ്സിലായില്ല!
10. പ്രാര്‍ത്ഥിക്കാന്‍ പോയ ചുങ്കക്കാരന്‍
ഈശോയുടെ ഉപമയിലെ രണ്ടാമത്തെ കഥാപാത്രം, ചുങ്കക്കാരനാണ്. അക്കാലഘട്ടത്തില്‍ റോമാക്കാര്‍ക്കുവേണ്ടി സമൂഹത്തില്‍ കരംപിരിച്ചിരുന്ന മനുഷ്യന്‍! ഒരു ചുങ്കം പിരിവുകാരന്‍!! എളിമയോടും അനുതാപത്തോടും കൂടെയാണ് ആ മനുഷ്യന്‍ ദേവാലയത്തില്‍ എത്തിയത്. അകലെ ഒരിടത്ത് മാറിനിന്ന് തന്‍റെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ അയാള്‍ നെഞ്ചത്തടിച്ചു പ്രാര്‍ത്ഥിക്കുന്നു (13). അയാള്‍ മിതഭാഷിയായിരുന്നു. കുറച്ചുകാര്യങ്ങള്‍ മാത്രം പറയുന്നു. “ദൈവമേ, പാപിയായ എന്നില്‍ കരുണയുണ്ടാകണമേ!” അത്രതന്നെ! ചൂങ്കക്കാരന്‍റെ ഈ പ്രാര്‍ത്ഥന മനോഹരമെന്നല്ലാതെ മറ്റെന്താണു പറയുക!!
11. സഹോദരബന്ധം പ്രാര്‍ത്ഥനയ്ക്കൊരു മാനദണ്ഡം
ഈശോയുടെ കാലഘട്ടത്തില്‍ വിദേശാധിപതികളുടെ സേവകരായിരുന്ന ചുങ്കക്കാരെ സമൂഹം അശുദ്ധരായി കണക്കാക്കിയിരുന്നു. ജനങ്ങള്‍ക്ക് അവരോടു വെറുപ്പായിരുന്നു. അവരെ സമൂഹം പാപികളായി മുദ്രകുത്തിയുമിരുന്നു. എന്നാല്‍ ഉപമ പറയുന്നത് അല്ലെങ്കില്‍ ഈശോ ഇന്നും നമ്മോടു പറയുന്നത്, ഒരാള്‍ നീതിമാനോ പാപിയോ ആകുന്നത് അയാളുടെ സമൂഹത്തിലെ സ്ഥാനം കൊണ്ടല്ല. മറിച്ച്, എങ്ങനെ ഒരാള്‍ ദൈവത്തോടും സഹോദരനോടും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഒരുവന്‍റെ നന്മയുടെയും വിശുദ്ധിയുടെയും മാനദണ്ഡം.
12. പ്രാര്‍ത്ഥനയിലെ അനുതാപത്തിന്‍റെ മനോഭാവം
തന്‍റെ ദുര്‍ബലാവസ്ഥയെ ചുങ്കക്കാരന്‍ പ്രകടമാക്കിയത് എളിമയിലും ചുരുങ്ങിയ വാക്കുകളിലും അനുതാപത്തിന്‍റെ മനോഭാവത്തോടെയുമാണ്. എന്നാല്‍ ഫരിസേയന്‍ ഒന്നും ചോദിക്കുന്നില്ല. അയാള്‍ക്ക് എല്ലാമുണ്ടെന്ന ഭാവമാണ്. ചുങ്കരന്‍റെ മനോഭാവത്തിലും ഏറെ ശ്രദ്ധേയമാകുന്നത് അയാളുടെ പ്രാര്‍ത്ഥനയാണ്. ദൈവമേ, പാപിയായ എന്നില്‍ കനിയണമേ... എന്ന്. എളിമയോടെ താന്‍ ഒരു പാപിയാണെന്നു നിനച്ച്, അയാള്‍ ദൈവത്തിന്‍റെ കാരുണ്യം യാചിക്കുന്നു. മനസ്സിലേയ്ക്ക് പെട്ടന്ന് ഓടിയെത്തുന്നത്, കവിയും പണ്ഡിതനുമായ ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്‍റെ ഈരടികളാണ് :
“ദൈവമേ, ഞാനൊരു പാപിയാണേ
നന്ദിയില്ലാത്തൊരു നീചനാണേ
എന്നില്‍ ചൊരിഞ്ഞ നിന്‍ സ്നേഹാമൃതം
ദൂരത്തെറിഞ്ഞൊരു ദ്രോഹിയാണേ!” - (cf. സ്തുതിമാല്യം).
13. ദൈവികകാര്യണ്യത്തില്‍ ഒരു അഭയംതേടല്‍
ദൈവത്തിന്‍റെ കരുണയ്ക്കായി യാചിക്കുന്നതും, തുറന്ന കരങ്ങളുമായി അവിടുത്തെ പക്കലേയ്ക്കു തിരിയുന്നതും, അവിടുത്തെ മുന്‍പില്‍ തുറന്ന ഹൃദയവുമായി നില്ക്കുന്നതും മനോഹരവും ഹൃദ്യവുമായൊരു അനുഭവമാണ്. ശൂന്യമായ ഹൃദയത്തോടെ നമ്മുടെ നിസ്സാരതയെ അംഗീകരിച്ചും, ഏറ്റുപറഞ്ഞുകൊണ്ടുമുള്ള ഒരു നില്പാണത്. ദൈവത്തില്‍നിന്ന് മാപ്പും, പിന്നെ ജീവിതത്തില്‍ മുന്നോട്ടു പോകുവാനുള്ള കരുത്തും നേടാന്‍ ഈ തുറന്ന കാതും, മനവും ഹൃദയവും നമുക്ക് അനിവാര്യമാണെന്നാണ് ക്രിസ്തു ഇന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഉപമയില്‍ ഈ പാപിയായ മനുഷ്യനാണ് നീതിനിഷ്ഠനായി ദൈവത്തിന്‍റെ കൃപാതിരേകം കൈക്കൊണ്ട് ദേവാലയത്തില്‍നിന്നും പുറത്തേയ്ക്കുപോയതെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു.
14. ഉപമയിലെ വിനയത്തിന്‍റെ സാരാംശം
കഥയുടെ സാരാംശം ക്രിസ്തു അവസാനം ഒറ്റവാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയാണ്. “തന്നത്താന്‍ ഉയര്‍ത്തപ്പെടുന്നവന്‍ താഴ്ത്തപ്പെടും, തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും” (14). അഹങ്കാരം നമ്മെ സല്‍പ്രവൃത്തികളില്‍നിന്നെന്നപോലെ സഹോദരങ്ങളില്‍നിന്നും അകറ്റും. അത് ദൈവത്തില്‍നിന്നും സഹോദരങ്ങളില്‍നിന്നും നമ്മെ അകറ്റും. എളിമയും വിനീത ഹൃദയവുമാണ് ദൈവം ആഗ്രഹിക്കുന്നത്. അഹങ്കാരിയുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തുന്നില്ല. വിനീതന്‍റെ വിളികേട്ട് ദൈവം കണ്ണുതുറക്കുന്നു, ഹൃദയം തുറക്കുന്നു. എളിമയോടെ നമുക്കു പ്രാര്‍ത്ഥിക്കാം, *ഞാനാരുമല്ല നിന്‍റെ മുന്നില്‍ എന്‍റെ ദൈവമേ!”*
No comments:
Post a Comment
Thank You