Sunday, October 2, 2022

പരിശുദ്ധ ദൈവമാതാവിനോടുള്ള ജപമാല - സന്തോഷരഹസ്യങ്ങള്‍

 



കുരിശടയാളം 

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍. ആമ്മേന്‍.

പ്രാരംഭ പ്രാര്‍ത്ഥന

അളവില്ലാത്ത സകല നന്‍മസ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ, കര്‍ത്താവേ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടി ചെയ്യുന്നതിനു കര്‍ത്താവെ ഞങ്ങളെ സഹായിക്കണമെ.

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും/ ആകാശത്തിന്‍റെയും/ ഭൂമിയുടെയും സ്രഷ്ടാവുമായ/ ദൈവത്തില്‍/ ഞാന്‍ വിശ്വസിക്കുന്നു‍. അവിടുത്തെ ഏകപുത്രനും/ നമ്മുടെ കര്‍ത്താവുമായ/ ഈശോമിശിഹായിലും/ ഞാന്‍ വിശ്വസിക്കുന്നു‍./ ഈ പുത്രന്‍/ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി/ കന്യകാമറിയത്തില്‍ നിന്നു പിറന്നു/ പന്തിയോസ്‌ പീലാത്തോസിന്‍റെ കാലത്ത്‌/ പീഡകള്‍ സഹിച്ച്‌/ കുരിശില്‍ തറയ്ക്കപ്പെട്ടു/ മരിച്ച്‌ അടക്കപ്പെട്ടു/ പാതാളങ്ങളില്‍ ഇറങ്ങി/ മരിച്ചവരുടെ ഇടയില്‍ നിന്നും/ മൂന്നാം നാള്‍ ഉയര്‍ത്തു/ സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള/ പിതാവായ ദൈവത്തിന്‍റെ/ വലതുഭാഗത്ത്‌ ഇരിക്കുന്നു‍./ അവിടുന്നു‍/ ജീവിക്കുന്നവരെയും മരിച്ചവരെയും/ വിധിക്കുവാന്‍/ വരുമെന്നും/ ഞാന്‍ വിശ്വസിക്കുന്നു‍./ പരിശുദ്ധാത്മാവിലും/ ഞാന്‍ വിശ്വസിക്കുന്നു‍. വിശുദ്ധ കത്തോലിക്കാ സഭയിലും/ പുണ്യവാന്‍മാ‍രുടെ ഐക്യത്തിലും/ പാപങ്ങളുടെ മോചനത്തിലും/ ശരീരത്തിന്‍റെ ഉയിര്‍പ്പിലും/ നിത്യമായ ജീവിതത്തിലും/ ഞാന്‍ വിശ്വസിക്കുന്നു/ ആമ്മേന്‍!

                                                                                             സ്വര്‍ഗ്ഗസ്ഥനായ........

പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിനു അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ.

1 നന്‍മ.

പുത്രനായ ദൈവത്തിന്‍റെ  മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമെ.

1 നന്‍മ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ.

1 നന്‍മ 1 ത്രിത്വ.

ഒന്നാം രഹസ്യം
മംഗള വാര്‍ത്ത (ലൂക്കാ 1:26-38)


"പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചുവെന്നു ധ്യാനിക്കുക''.

ദൈവേഷ്ടത്തിന് സ്വയം സമര്‍പ്പിച്ച് ജീവിതം ധന്യമാക്കിയ പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളും ദൈവേഷ്ടം നിറവേറ്റുന്നവരായി ജീവിക്കുവാനും ഞങ്ങളെ തന്നെ ദൈവരാജ്യനിര്‍മ്മിതിക്കായി സമര്‍പ്പിക്കാനും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.


രണ്ടാം രഹസ്യം
മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു (ലൂക്കാ 1: 39-46)


"എലിസബത്ത് ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ പരിശുദ്ധ ദൈവമാതാവ് ആ പുണ്യവതിയെ ചെന്നു കണ്ട് മൂന്നു മാസം വരെ അവള്‍ക്ക് ശുശ്രൂഷ ചെയ്തു എന്ന്‌ ധ്യാനിക്കുക".

കാരുണ്യമുള്ള അമ്മേ, അങ്ങയെപ്പോലെ സ്നേഹത്തിലും സേവനസന്നദ്ധതയിലും വളരുവാന്‍ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ.

1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ


മൂന്നാം രഹസ്യം
ഈശോയുടെ ജനനം (ലൂക്കാ 2: 5-7)


"പരിശുദ്ധ ദൈവമാതാവ് തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്ക് പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി എന്നു ധ്യാനിക്കുക".

ദൈവമാതാവേ, ലോകസമ്പത്തില്‍ മുഴുകിപ്പോകാതെ ലോകവസ്തുക്കളെ മിതമായി ഉപയോഗിക്കാനും ആവശ്യാനുസരണം പങ്കുവയ്ക്കുവാനുമുള്ള മനസ്സ് നല്‍കാന്‍ പ്രാര്‍ത്ഥിക്കണമെ.

1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ.


നാലാം രഹസ്യം
ഉണ്ണീശോയെ കാഴ്ച സമര്‍പ്പിക്കുന്നു (ലൂക്കാ 2:21-24)


"പരിശുദ്ധ ദൈവമാതാവ് തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദൈവാലയത്തില്‍ കൊണ്ടു ചെന്നു ദൈവത്തിന് കാഴ്ചവെച്ച് ശെമയോന്‍ എന്ന മഹാത്മാവിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു എന്നു ധ്യാനിക്കുക".

പരിശുദ്ധ അമ്മേ, ദൈവം ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കഴിവുകളെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ദൈവമഹത്വത്തിനും സഹോദരനന്‍മയ്ക്കും ഉപയോഗിച്ച് നീതിയോടുകൂടെ ജീവിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.

1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ


അഞ്ചാം രഹസ്യം
ഈശോയെ ദൈവാലയത്തില്‍ കണ്ടെത്തുന്നു (ലൂക്കാ 2:41-52)


"പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാള്‍ ദൈവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കയില്‍ അവിടുത്തെ കണ്ടെത്തി എന്നു ധ്യാനിക്കുക".

പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ ബലഹീനതകളാല്‍ ദൈവകുമാരനെ നഷ്ടപ്പെടുത്താതിരിക്കുവാനും അഥവാ നിര്‍ഭാഗ്യവശാല്‍ അവിടുത്തെ നഷ്ടപ്പെടുത്തിയാല്‍ ഉത്തമ മനസ്താപത്തോടുകൂടെ അനുരഞ്ജന കൂദാശ സ്വീകരിക്കുവാനും, പ്രാര്‍ത്ഥന, ഉപവാസം, ധര്‍മ്മദാനം എന്നിവയിലൂടെ ഈശോയെ കണ്ടെത്തുവാനുമുള്ള മനസ്സ് നല്‍കാന്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

1 സ്വര്‍ഗ്ഗ. 10 നന്‍മ. 1 ത്രിത്വ


ജപമാല സമര്‍പ്പണം

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ദൈവദൂതന്‍മാരായ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റഫായേലേ, ശ്ളീഹന്‍മാരായ വിശുദ്ധ പത്രോസേ, വിശുദ്ധ പൌലോസേ, വിശുദ്ധ യൌസേപ്പേ, വിശുദ്ധ തോമായേ, ഞങ്ങള്‍ വലിയ പാപികളാണെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടു ഒന്നായി ചേര്‍ത്ത് പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ച വയ്ക്കാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


ദൈവമാതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ അനുഗ്രഹിക്കണമെ
കര്‍ത്താവേ അനുഗ്രഹിക്കണമെ
മിശിഹായെ അനുഗ്രഹിക്കണമെ
മിശിഹായെ അനുഗ്രഹിക്കണമെ
കര്‍ത്താവേ, അനുഗ്രഹിക്കണമെ
കര്‍ത്താവെ അനുഗ്രഹിക്കണമെ


മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമെ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമെ

ലോകരക്ഷകനായ ദൈവപുത്രാ,                         ''
പരിശുദ്ധാത്മാവായ ദൈവമേ,                       ''
ഏക ദൈവമായ പരിശുദ്ധ ത്രീത്വമേ,          ''
പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ
ദൈവത്തിന്‍റെ പരിശുദ്ധ ജനനീ,                  ''
കന്യകകള്‍ക്കു മകുടമായ നിര്‍മ്മലകന്യകേ,        ''
മിശിഹായുടെ മാതാവേ,                                               ''
ഏറ്റവും നിര്‍മ്മലയായ മാതാവേ,                       ''
അത്യന്തവിരക്തയായ മാതാവേ,                              ''
കളങ്കമറ്റ മാതാവേ,                                                   ''
കന്യാത്വത്തിന് ഭംഗംവരാത്ത മാതാവേ,     ''
അത്ഭുതത്തിന് വിഷയമായ മാതാവേ,                   ''
സദുപദേശത്തിന്‍റെ മാതാവേ,                                ''
സ്രഷ്ടാവിന്‍റെ മാതാവേ,                                     ''
രക്ഷകന്‍റെ മാതാവേ,                                                ''
ഏറ്റവും വിവേകമതിയായ കന്യകേ,                     ''
കനിവുള്ള കന്യകേ,
ഏറ്റവും വിശ്വസ്തയായ കന്യകേ,                       ''
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ,         ''
സ്തുതിക്ക് ഏറ്റം യോഗ്യയായ കന്യകേ,             ''
ഏറ്റം വല്ലഭയായ കന്യകേ,                                            ''
നീതിയുടെ ദര്‍പ്പണമേ,                                       ''
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,                ''
ഞങ്ങളുടെ ആനന്ദത്തിന്‍റെ കാരണമേ,               ''
ആദ്ധ്യാത്മിക പാത്രമേ,                                      ''
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,                ''
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ,''
ദാവീദിന്‍റെ കോട്ടയേ,                                      ''
നിര്‍മ്മല ദന്തംകൊണ്ടുള്ള കോട്ടയേ,                 ''
സ്വര്‍ണ്ണാലയമേ,                                                            ''
വാഗ്ദാനത്തിന്‍റെ പേടകമേ,                             ''
സ്വര്‍ഗ്ഗത്തിന്‍റെ വാതിലേ,                                              ''
ഉഷഃകാല നക്ഷത്രമേ,                                         ''
രോഗികളുടെ ആരോഗ്യമേ,                                            ''
പാപികളുടെ സങ്കേതമേ,                                               ''
പീഡിതരുടെ ആശ്വാസമേ,                                              ''
ക്രിസ്ത്യാനികളുടെ സഹായമേ,                                    ''
മാലാഖമാരുടെ രാജ്ഞീ,                                                ''
പൂര്‍വ്വപിതാക്കന്‍മാരുടെ രാജ്ഞീ,                                 ''
ദീര്‍ഘദര്‍ശികളുടെ രാജ്ഞീ,                               ''
ശ്ളീഹന്‍മാരുടെ രാജ്ഞീ,                                               ''
വേദസാക്ഷികളുടെ രാജ്ഞീ,                              ''
വന്ദകരുടെ രാജ്ഞീ,                                           ''
കന്യകകളുടെ രാജ്ഞീ,                                       ''
സകലവിശുദ്ധന്‍മാരുടെയും രാജ്ഞീ,                  ''
സ്വര്‍ഗ്ഗാരോപിതയായ രാജ്ഞീ,                          ''
പരിശുദ്ധ ജപമാലയുടെ രാജ്ഞീ,                                    ''
തിരുസഭയുടെ രാജ്ഞീ,                                      ''
കര്‍മ്മലസഭയുടെ അലങ്കാരമായ രാജ്ഞീ,           ''
സമാധാനത്തിന്‍റെ രാജ്ഞീ,                                            ''

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ.
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.


സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമെ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടെ സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (സമൂഹത്തെ) തൃക്കണ്‍ പാര്‍ത്ത് നിത്യകന്യകയായ പരിശുദ്ധമറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍ നിന്ന്‌ കൃപ ചെയ്തു രക്ഷിച്ചുകൊള്ളണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ. ആമ്മേന്‍!

ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ച് സന്തോഷിക്കുന്ന ഞങ്ങള്‍ ആ അമ്മയുടെ ശക്തിയുള്ള അപേക്ഷയാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമെ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങള്‍ക്ക് തന്നരുളേണമെ.ആമ്മേന്‍.

പരിശുദ്ധ രാജ്ഞി കരുണയുടെ മാതാവേ

പരിശുദ്ധരാജ്ഞി കരുണയുടെ മാതാവേ സ്വസ്തി ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി. ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു‍. കണ്ണുനീരിന്‍റെ ഈ താഴ്‌വരയില്‍ നിന്ന്‌‌/ വിങ്ങിക്കരഞ്ഞ്‌ അങ്ങേപ്പക്കല്‍/ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക്‌ കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ ആമ്മേന്‍.

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌ നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ ദയയുള്ള മാതാവെ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌ നിന്‍റെ സന്നിധിയില്‍/നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കൂ തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിക്കാനാവാത്ത തിരുരക്തത്തെ പ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

(അഞ്ചു പ്രാവശ്യം ചൊല്ലുക)


കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്‍്പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്‍ക്കുവാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിക്കാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!

ആമ്മേന്‍ .


എല്ലാവർക്കും ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ,

ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, ആമേൻ 


No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...