തെറ്റുകള് ദൈവത്തോട് നേരിട്ട് ഏറ്റുപറഞ്ഞാല് പോരേ? എന്തിനാണു മറ്റുമനുഷ്യര് ഇതില് ഇടപെടുന്നത്? ഞാന് നിരന്തരം കുമ്പസാരിച്ചിട്ടും വിശുദ്ധിയില് വളരാന് പറ്റുന്നില്ല. ഇങ്ങനെ കുമ്പസാരിച്ചതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ?ഇത്തരത്തിലുള്ള നിരവധി വാദഗതികള്ക്കുള്ള മറുപടി.
ഞാന് എന്തിന് കുമ്പസാരിക്കണം?
“പാപം മോചിക്കാന്‍ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. പിന്നെന്തിന് എന്നെപ്പോലെ പാപിയായ ഒരു പുരോഹിതന്റെയടുത്ത് ഞാന്‍ കുമ്പസാരിക്കണം?”
“തെറ്റുകള് ദൈവത്തോട് നേരിട്ടു ഏറ്റുപറഞ്ഞാല്‍ പോരേ? എന്തിനാണ് മറ്റുമനുഷ്യര്‍ ഇതില് ഇടപെടുന്നത്?”
“ആദിമസഭയില്‍ പാപങ്ങളുടെ ഏറ്റുപറച്ചില്‍ ഉണ്ടായിരുന്നില്ല. പൗരോഹിത്യവര്‍ഗ്ഗത്തിന്‍റെ കണ്ടുപിടുത്തമാണു കുമ്പസാരം.”
“ഞാന്‍ നിരന്തരം കുമ്പസാരിച്ചിട്ടും വിശുദ്ധിയില് വളരാന് പറ്റുന്നില്ല. ഇങ്ങനെ കുമ്പസാരിച്ചതു കൊണ്ട് വല്ല പ്രയോജനവുമുണ്ടോ?”
"എന്തുതെറ്റുചെയ്താലും കുമ്പസാരിച്ചാല്‍ മതി എന്ന ധാരണവഴി മനുഷ്യനെ വീണ്ടും വീണ്ടും പാപം ചെയ്യിക്കാന്‍ പ്രേരിപ്പിക്കുകയാണ് അപ്പസ്തോലിക സഭ ചെയ്തുകൊണ്ടിരിക്കുന്നത്."
ഇത്തരത്തിലുള്ള നിരവധി വാദഗതികള്‍ നമ്മുടെ മനസ്സിലൂടെയും മറ്റുള്ളവരുടെ അധരങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടാകാം.
അനേകനൂറ്റാണ്ടുകളായി
അനേകകോടി ജനങ്ങള് കുമ്പസാരത്തിലൂടെ പാപമോചനവും പരിശുദ്ധാത്മാഭിഷേകവും
നേടുമ്പോള്‍, ക്രിസ്തുവിശ്വാസികളില്‍ തന്നെ നല്ലൊരു വിഭാഗത്തിനു കുമ്പസാരം ഒരു തട്ടിപ്പും അന്ധവിശ്വാസവുമാണ്.
വിശുദ്ധ ജോണ്‍ വിയാനിയുടെ മിനിസ്ട്രി മുഴുവന്‍ കുമ്പസാരക്കൂടുമായി ബന്ധപ്പെട്ടതായിരുന്നു.
ദൈവവിശ്വാസം നഷ്ടപ്പെട്ട്, അധാര്‍മ്മികതയില്‍
ജീവിച്ച ആര്‍സിലെ ജനങ്ങളെ ക്രിസ്തുവിലേക്കും പുണ്യത്തിലേക്കും ആനയിക്കാന്‍ വിശുദ്ധ വിയാനി ഉപയോഗിച്ചത് കുമ്പസാരക്കൂടായിരുന്നു. കുമ്പസാരം തട്ടിപ്പാണെങ്കില്‍ അതില്‍ നിന്നും ഇത്രയും വലിയ മാറ്റം എങ്ങനെയുണ്ടായി? ദൈവത്തിന്റെ പ്രസാദവരങ്ങള്‍ കുമ്പസാരമെന്ന കൂദാശയിലൂടെ ചൊരിയപ്പെടുന്നില്ലെങ്കില്‍,
മദ്യത്തിലും മദിരോത്സവത്തിലും മുഴുകിക്കഴിഞ്ഞ ആര്‍സിലെയും പരിസരപ്രദേശങ്ങളിലെയും
ജനങ്ങളില്‍ ഇത്രയും വലിയ മാറ്റത്തിനുള്ള ശക്തിയുടെ ഉറവിടം മറ്റെന്താണ്?
പാപം മോചിക്കാനായി ക്രിസ്തു തന്റെ സഭയ്ക്ക് പ്രത്യേക അധികാരമോ സംവിധാനങ്ങളോ ഒരുക്കിക്കൊടുത്തിട്ടുണ്ടോ? കുമ്പസാരത്തിന് ബൈബിളില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുന്നതിലൂടെ അനുരഞ്ജന കൂദാശയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് സാധിക്കും.
കാല്‍വരിയിലെ യേശുവിന്റെ കുരിശില്‍ നിന്നാണ് ഏതുവിധത്തിലുള്ള പാപമോചനവും നമുക്ക് ലഭ്യമാകുന്നത്. മാമോദീസയിലൂടെ ജന്മപാപവും (original sin - ആദിമാതാപിതാക്കളുടെ പാപം മൂലം മനുഷ്യവര്‍ഗ്ഗത്തിലേക്ക്
കടന്നു വന്നത്) മാമോദീസ സ്വീകരിക്കുന്നതു വരെയുള്ള കര്‍മ്മപാപവും (active sin - സ്വന്തം പ്രവൃത്തികളുടെ ഫലമായുള്ള പാപം) മോചിക്കപ്പെടുന്നു. എന്നാല്‍ മാമോദീസ സ്വീകരിച്ചതിനു ശേഷം ഒരുക്രൈസ്തവന്റെ ജീവിതത്തിലുണ്ടാകുന്ന
പാപങ്ങള്‍ക്ക് എങ്ങനെയാണ് മോചനം കിട്ടുക? അതിനു മറ്റൊരു കൂദാശ ആവശ്യമാണ്. അതാണ് പാപമോചനകൂദാശ, അനുരഞ്ജന ശുശ്രൂഷ, കുമ്പസാരം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്.
യേശു തന്റെ അടുക്കല്‍ വന്ന അനേകര്‍ക്കു പാപ മോചനം നല്കിയിട്ടുണ്ട്. ലൂക്കാ 7:48ല്‍ തന്റെ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകിയ പാപിനിയായ സ്ത്രീയോട് അവിടുന്നു പറഞ്ഞു: "നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു..."
കഫര്‍ണാമിലെ വീട്ടില്‍ വച്ച് കിടക്കയോടെ തന്റെ മുമ്പില്‍ കൊണ്ടുവന്ന തളര്‍വാദരോഗിയോട് യേശു പറഞ്ഞു: "മകനേ, ധൈര്യമായിരിക്കുക. നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. (മത്തായി 9:2). പാപം മോചിക്കാനുള്ള അധികാരവും ശക്തിയും യേശു ഉപയോഗിച്ചത് തന്റെ മാനുഷിക പരിധി(human capcity)യില്‍ നിന്നുകൊണ്ടാണ്. മത്തായി 9:6ല്‍ അവിടുന്നു ഇപ്രകാരം പറയുന്നു. "ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം അവിടുന്നു തളര്‍വാദരോഗിയോട് പറഞ്ഞു: "എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്കിയ ദൈവത്തെ മഹത്വപ്പെടുത്തി. (മത്തായി 9:8) മനുഷ്യര്‍ക്ക് അധികാരം നല്കി എന്നു സുവിശേഷകന്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്
തികച്ചും ശ്രദ്ധേയമാണ്. പാപങ്ങള്‍ മോചിക്കാനുള്ള യേശുവിന്റെ അധികാരം അവിടുന്നു തന്റെ അപ്പസ്തോലന്മാര്‍ക്കു
നല്കി. അതുവഴി ലോകത്തില്‍ തന്റെ പിന്തുടര്‍ച്ചയുടേയും
സാന്നിദ്ധ്യത്തിന്റെയും
അടയാളമായ സഭയില്‍ പാപങ്ങള്‍ മോചിക്കാനുള്ള സംവിധാനം യേശു രൂപപ്പെടുത്തുകയായിരുന്നു.
ഉയിര്‍ത്തെഴുന്നേല്പിന്
ശേഷം ആദ്യമായി യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനായി. തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചതിനു ശേഷം യേശു അവരോടു പറഞ്ഞു: "നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.. നിങ്ങള്‍ ആരുടെ പാപങ്ങള്‍ മോചിക്കുന്നുവോ, അവ അവരോട് ക്ഷമിക്കപ്പെടും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും." (യോഹ. 20:21-23)
മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവം തന്റെ ജീവശ്വാസം അവന്റെമേല്‍ ഊതി (ഉല്പ. 2:7). പിന്നീട് മനുഷ്യന്റെമേല്‍ ദൈവം നിശ്വസിക്കുന്ന ഏകരംഗം യേശു ശിഷ്യന്മാര്‍ക്കു പാപമോചനാധികാരം നല്കുന്ന നിമിഷങ്ങളാണ്. അതായത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ് അവിടെ നടന്നതെന്ന് സാരം.
ചിലര്‍ പറയാറുണ്ട്, അപ്പസ്തോലന്മാര്‍ക്കു
നല്കപ്പെട്ട പ്രത്യേക അധികാരങ്ങളും ശക്തിയും അവരുടെ കാലത്തോടെ അവസാനിച്ചുവെന്ന്. ഇതൊരിക്കലും ശരിയല്ല. അങ്ങനെ വന്നാല്‍ സഭയെന്നത് നിര്‍ജ്ജീവമായ ഒരു പ്രസ്ഥാനമായി മാറും. യേശുവിന്റെ ശക്തിയും അധികാരങ്ങളും ദൗത്യങ്ങളുമെല്ലാം അപ്പസ്തോലന്മാര്‍ വഴി പിന്‍ഗാമികളിലേക്ക്
പകരപ്പെടുന്നതുകൊണ്ടാണ്
സഭ, സഭയായി മാറുന്നത്. യേശുവിന്റെ മൗതികശരീരമായ സഭയില്‍ അവിടുത്തെ ജീവനും ശക്തിയും അധികാരവുമില്ലയെന്ന് പറയുന്നത് അവിശ്വസനീയമാണ്. യേശു പതിനൊന്നു അപ്പസ്തോലന്മാര്‍ക്കു
പ്രേഷിത ദൗത്യം നല്കുന്ന രംഗം മത്തായി 28ല്‍ നാം വായിക്കുന്നുണ്ട്. അവിടുന്ന് ഇങ്ങനെ പറയുന്നു:
"ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനങ്ങളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും."
ഈ ദൗത്യം പതിനൊന്ന് അപ്പസ്തോലന്മാര്‍ മാത്രമുള്ളപ്പോഴാണ് യേശു നല്കിയത്. ദൗത്യം അവര്ക്കു മാത്രമുള്ളതായിരുന്നുവെങ്കില്‍ നാമിന്ന് സുവിശേഷം പ്രഘോഷിക്കേണ്ടതില്ല. ജ്ഞാനസ്നാനവും നല്കാന് പാടില്ല. കാരണം അത് പതിനൊന്നുപേര്ക്കു മാത്രം നല്കിയ ദൗത്യമാണ്. പക്ഷേ ഇന്നും നമ്മള് സുവിശേഷം പ്രസംഗിക്കുകയും സ്നാനം നല്കുകയും ചെയ്യുന്നു. കാരണം അപ്പസ്തോലന്മാര്ക്കു യേശു നല്കിയ ദൗത്യം പിന്ഗാമികളിലേക്കു ലോകത്തിന്റെ അവസാനം വരെ പകരപ്പെടുന്ന ഒന്നായിരുന്നു. ദൗത്യം തലമുറകളിലേക്ക് കൈമാറാനുള്ളവയാണെങ്കില് അതോടൊപ്പം ദൗത്യവാഹകരുടെ അധികാരവും ശക്തിയും പിന്തലമുറകളിലേക്ക് പകരപ്പെടും. കാരണം ശക്തിയും അധികാരവുമില്ലാതെ ദൗത്യം നിര്വഹിക്കാനാകില്ല. അപ്പസ്തോലന്മാര്‍ ഏതാനും ദശാബ്ദങ്ങള്ക്കു ശേഷം മരിച്ചു. പക്ഷേ, അവരോടു യേശു പറഞ്ഞത് “യുഗാന്ത്യത്തോളം ഞാന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” എന്നാണ്. അപ്പസ്തോലന്മാരിലൂടെയും പിന്ഗാമികളിലൂടെയും നയിക്കപ്പെടുന്ന സഭ, കാലത്തിന്റെ അവസാനത്തോളം ലോകത്തിലുണ്ടാകും. ആ സഭയോടൊപ്പം എന്നും യേശുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്ന ഉറപ്പാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. തന്മൂലം അപ്പസ്തോലന്മാര്ക്കു ലഭിച്ച പാപമോചനാധികാരം അവരുടെ പിന്ഗാമിത്തമുള്ള സഭയില്‍ ഇന്നു സജീവമായുണ്ട്. അത് കുമ്പസാരമെന്ന കൂദാശയിലൂടെയാണ് ഇന്നു പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ചില പ്രൊട്ടസ്റ്റന്റ്/ സഭാവിഭാഗങ്ങള്‍ കുമ്പസാരം പില്ക്കാലത്തുണ്ടായ സഭാനേതാക്കളുടെ വെറുമൊരു കണ്ടുപിടിത്തം മാത്രമാണെന്നു വാദിക്കുന്നുണ്ട്. കുമ്പസാരം ക്രിസ്തുവില്‍ നിന്നും ആരംഭം കൊണ്ടതല്ലെങ്കില് തീര്‍ച്ചയായും അതിനൊരു ആരംഭ തീയതി കാണണം. അതിനായി കുമ്പസാരവിരോധികള് കണ്ടെത്തിയിട്ടുള്ള വര്ഷം 1215 ആണ്. ദൈവത്തോട് പാപങ്ങള്‍ നേരിട്ടു ഏറ്റുപറയുന്നതിനു പകരം വൈദികന്റെ അടുത്തുള്ള ഏറ്റുപറച്ചില്‍ നടത്തിയത് 1215ലെ നാലാം ലാറ്ററന്‍ കൗണ്‍സിലാണെന്നാണ് അവരുടെ വാദം.
തീര്ച്ഛയായും ലാറ്ററന്‍ കൗണ്‍സില്‍ കുമ്പസാരത്തെക്കുറിച്ച് വിശദമായി ചര്ച്ച ചെയ്തിരുന്നു. അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ധാര്മ്മികക അപചയത്തെ നേരിടാന്‍ പാപമോചനകൂദാശയെ വ്യക്തമായി നിര്വചിക്കുകയും ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിശ്വാസികള്‍ അനുരഞ്ജന കൂദാശ സ്വീകരിച്ചിരിക്കണമെന്നു നിര്ദ്ദേശിക്കുകയുമാണ് കൗണ്‍സില്‍ ചെയ്തത്. അതിന്റ അര്ത്ഥം കുമ്പസാരം ലാറ്ററന്‍ കൗണ്‍സില്‍ കണ്ടുപിടിച്ച ഒന്നാണെന്നല്ല; പ്രത്യുത നിലവിലുണ്ടായിരുന്ന ഒരു വിശ്വാസാനുഷ്ഠാനത്തെ കാലോചിതമായി വിശദീകരിച്ച്, സഭാമക്കളുടെ മുമ്പില്‍ അവതരിപ്പിച്ചു എന്നതാണ്.
ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ മരിയഭക്തിയെക്കുറിച്ചുള്ള ചാക്രിക ലേഖനം എഴുതിയിട്ടുണ്ട്. അതിന്റെ അര്ത്ഥം കത്തോലിക്കാസഭയില്‍ മരിയഭക്തി ആരംഭിച്ചത് അദ്ദേഹമാണെന്നാണോ? ഒരിക്കലുമല്ല. മറിച്ച് സഭയില്‍ പരമ്പരാഗതമായുള്ള ഒരു ഭക്തിയെ സമകാലീന ലോകത്തിനായി വിശദീകരിക്കുകയും സഭാസമൂഹത്തെ ആ ഭക്തിയുടെ നന്മകളിലേക്ക് ആകര്ഷിക്കുകയുമാണ് അദ്ദേഹം ചെയ്തത്. അതുപോലെ ലാറ്ററന്‍ കൗണ്‍സിലും സഭയില്‍ നിലവിലുണ്ടായിരുന്ന കുമ്പസാരമെന്ന കൂദാശയെ പ്രത്യേകമായി സഭാസമൂഹത്തിനു മുമ്പില്‍ എടുത്തുയര്‍ത്തുക മാത്രമേ ചെയ്തിട്ടുള്ളൂ.
ലാറ്ററന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിന് ആയിരം വര്ഷങ്ങള്ക്കു മുമ്പുപോലും പാപമോചനകൂദാശയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ സഭാപിതാക്കന്മാരുടെ രചനകളില്‍ കാണാം. ഒന്നാം നൂറ്റാണ്ടിലെഴുതിയ ‘ഡിഡാക്കെ’ എന്ന ഗ്രന്ഥത്തില്‍ പാപവിമോചന വിധികളെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ‘പാസ്തോര് ഹെര്മെ്’ എന്ന ഗ്രന്ഥവും അന്ത്യോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, റോമിലെ വിശുദ്ധ ക്ലമന്റ്് എന്നീ പിതാക്കന്മാരുടെ പഠനങ്ങളും പാപമോചന രീതികളിലേക്ക് വെളിച്ചം വീശുന്നുണ്ട്. എന്നാല്‍ ഇന്നു കാണുന്ന രഹസ്യകുമ്പസാരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു, അന്നത്തെ പാപമോചനക്രമങ്ങള്‍. പാപമോചനക്രമങ്ങള്‍ നൂറ്റാണ്ടുകളിലൂടെ പരിണാമവിധേയമായെങ്കിലും അവയില്‍ പ്രവര്ത്തിറക്കുന്ന സഭയുടെ പാപമോചനാധികാരം ഒന്നുതന്നെ.
പാപങ്ങളുടെ ഏറ്റുപറച്ചില്‍ എല്ലാകാലങ്ങളിലുമുണ്ടായിരുന്ന പാപമോചനകൂദാശയുടെ അനിവാര്യഘടകമായിരുന്നു. പരസ്യവും കഠിനവുമായ പ്രായശ്ചിത്ത പ്രവൃത്തികകള്‍, സഭാസമൂഹം മുഴുവന്റെയും മുമ്പിലുള്ള ഏറ്റുപറച്ചില്‍ ഇവയൊക്കെ ഈ കൂദാശയെ ഭയജനകമായ ഒന്നാക്കി മാറ്റിയിരുന്നു. നാലാം നൂറ്റാണ്ടിന്റെയ ആരംഭത്തോടെ റോമാസാമ്രാജ്യത്തിനുള്ളില്‍ സഭയ്ക്ക് സ്വാതന്ത്ര്യം കിട്ടി. മതമര്ദ്ദ നകാലത്ത് വിശ്വാസം ത്യജിച്ച പലരും വീണ്ടും സഭയിലേക്ക് മടങ്ങിവരാന്‍ തുടങ്ങിയതോടെ പാപമോചനക്രമത്തിന് നിയതമായ രൂപം കൈവന്നു. മാമോദീസയ്ക്ക് ശേഷം ഒരിക്കല്‍ മാത്രമേ ജീവിതത്തില്‍ പാപമോചനകൂദാശ സ്വീകരിക്കാവൂ എന്നു പഠിപ്പിച്ചിരുന്ന പിതാക്കന്മാരും ഒരു കാലഘട്ടത്തിലുണ്ടായിരുന്നു. ആറാം നൂറ്റാണ്ടോടെ ഐറിഷ് സന്യാസികളാണ് രഹസ്യകുമ്പസാരത്തിന് ആരംഭം കുറിച്ചത്. അനുഷ്ഠാനക്രമങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടായെങ്കിലും ‘പാപമോചനകൂദാശ’ സഭയുടെ തുടക്കം മുതല്‍ നിലവിലുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ അഗസ്റ്റിനോസിന്റെ പഠനങ്ങളില്‍ കുമ്പസാരത്തെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ അംബ്രോസും വിശുദ്ധ സിപ്രിയാനുമെല്ലാം കുമ്പസാരത്തെക്കുറിച്ചുള്ള ദൈവശാസ്ത്രത്തിന് ബീജാവാപം ചെയ്തവരാണ്. അതിനാല്‍ പില്ക്കാലത്ത് ആരോ കണ്ടുപിടിച്ച ഒന്നാണ് പാപമോചനകൂദാശ എന്ന പ്രൊട്ടസ്റ്റന്റ് വാദം അടിസ്ഥാനരഹിതമാണെന്ന് ആര്ക്കും വ്യക്തമാകും.
പോപ്പ് ലിയോ ഒന്നാമന്, വിശുദ്ധ അംബ്രോസ്, വിശുദ്ധ സിപ്രിയാണ് തുടങ്ങിയവരെല്ലാം പുരോഹിതനു മാത്രമേ പാപമോചനം പ്രഖ്യാപിക്കാന്‍ അധികാരമുള്ളൂ എന്ന് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. പാപങ്ങള്‍ ഏറ്റുപറയാതെ പുരോഹിതന് അവയ്ക്കു തക്കതായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. യേശു അപ്പസ്തോലന്മാര്ക്കു് നല്കിയ അധികാരം പാപങ്ങള്‍ മോചിക്കാന്‍ മാത്രമല്ല, അവ ബന്ധിക്കാനും കൂടിയുള്ളതാണ് (യോഹ.20:23). ഏതുപാപങ്ങള് മോചിക്കണം ഏതൊക്കെ മോചിക്കരുത് എന്നൊക്കെ തീരുമാനിക്കണമെങ്കില്‍ അനുരഞ്ജനകൂദാശയ്ക്കണയുന്ന വ്യക്തി എല്ലാം തുറന്നു പറയാന്‍ തയ്യാറാകണം. എന്നാല്‍ ഏറ്റുപറച്ചില്‍ കൊണ്ടുമാത്രം പാപമോചനം ലഭിക്കണം എന്നില്ല. അനുതാപിയുടെ അനുതാപം യഥാര്ത്ഥമാണോ എന്ന് വിവേചിച്ചറിയേണ്ടതും കുമ്പസാരക്കാരനാണ്.
യേശുവിന്റെ കാലത്തും യഹൂദപ്രമാണികള്‍ അവിടുത്തെ പാപമോചനാധികാരത്തെ ചോദ്യം ചെയ്തിരുന്നു. “ദൈവത്തിനു മാത്രമേ പാപം പൊറുക്കാന്‍ കഴിയൂ” എന്ന ന്യായം അവരുയര്ത്തിയെങ്കിലും യേശുവിലെ ദൈവികത്വം തിരിച്ചറിയുവാന്‍ ഫരിസേയര്‍ക്കും മറ്റും കഴിയാതെപോയി. പാപമോചനം സമാധാനത്തിന്റെ ഒരു കൂദാശയാണ്. അനുരഞ്ജനത്തിലൂടെയാണ് അത് ലഭിക്കുന്നത്. പാപം വഴി ദൈവവുമായും സഹോദരനുമായും ഉള്ള ബന്ധം നഷ്ടപ്പെടുന്നു. ദൈവത്തിന്റെയും സമൂഹത്തിന്റെയും പ്രതിനിധിയായി വൈദികരോട് തെറ്റുകള് ഹൃദയപൂര്‍വ്വം ഏറ്റുപറയുമ്പോള്‍ ശിഥിലമായ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നു. വൈദികര്‍ ഒരിയ്ക്കലും സ്വന്തം കഴിവുകൊണ്ടല്ല പാപമോചനം നല്കുന്നത്. പ്രത്യുത അപ്പസ്തോലന്മാരിലൂടെ സഭയിലേക്ക് പകര്ന്ന ക്രിസ്തുവിന്റെന അധികാരമാണ് അദ്ദേഹം കൈകാര്യകര്ത്തൃത്വം ചെയ്യുന്നത്. കുമ്പസാരം ദൈവികമായ ഒരു കൂദാശയാണോ എന്നറിയാന്‍ ഏറ്റവും എളുപ്പമുള്ള മാര്ഗ്ഗം ഒന്നു കുമ്പസാരിക്കുക തന്നെയാണ്. അതിലൂടെ ലഭിക്കുന്ന മനഃസമാധാനം, സന്തോഷം, ദൈവസ്നേഹാനുഭവം, പരിശുദ്ധാത്മാഭിഷേകം ഇവയെല്ലാം അനുഭവിച്ചറിയുന്നവന് പിന്നൊരിക്കലും കുമ്പസാരത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ നേരിടേണ്ടി വരില്ല.
റോബിൻ ടൈറ്റസ്
01/07/2018
👏
ReplyDeleteHai vinu
Delete