Monday, November 5, 2018

ജന്മദിനാശംസകള്‍

കഥ

ജന്മദിനാശംസകള്‍…

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സിബിക്ക് ഉറക്കം വന്നില്ല.. സമയം പതിനൊന്നര കഴിഞ്ഞിട്ടും അവന്‍ ഉറങ്ങാതെ കിടക്കുകയാണ്,സാധാരണ മണി പത്തടിച്ചാല്‍ കിടക്കയില്‍ അഭയം പ്രാപിക്കുന്നവനാണ്..ഇന്നുറക്കം വരാത്തതിന് കാരണമുണ്ട്..     അവന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ ജന്മദിനമാണ്…  
            അശ്വതി അതാണവളുടെ പേര്..അവന്‍റെ അച്ചു… അവരു തമ്മില്‍ പരിചയപ്പെട്ടതിനു ശേഷം ഇത് ആദ്യത്തെ പിറന്നാളാണ് അവളുടെ…ആദ്യം ആശംസിക്കുന്നത് അവനാകണം എന്ന ആഗ്രഹം അല്ല ഒരുതരം വാശി ആയിരുന്നു അവന്.. അവര്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം ആയിട്ടില്ല..പക്ഷേ അവന് അവളെ വര്‍ഷങ്ങളായി അറിയാം.. ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആയിരുന്നു പരസ്പരം കണ്ടുമുട്ടിയത്.. കളിയും ചിരിയും പാരവെയ്പുകളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ എപ്പോഴോ ആണ് അവന്‍ അവളെ സ്നേഹിച്ചു തുടങ്ങിയത്..  
അവള്‍ പോലുമറിയാതെ ഒരുതരം ഭ്രാന്തമായ സ്നേഹം..അത് അവന്‍ മനസ്സില്‍ തന്നെ ചങ്ങലക്കിട്ടു വെച്ചു..കാരണം ഭയന്നിട്ടാണ്, തന്‍റെ പ്രണയം തുറന്നു പറയുന്നതിലൂടെ അവളുടെ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയം,അതാണ് അതിനു കാരണം..എങ്കിലും അവള്‍ക്കുണ്ടാകുന്ന ചെറുതും വലുതുമായ ബുദ്ധിമുട്ടുകളില്‍ ഒരു താങ്ങായി അവനെപ്പോഴുമുണ്ടായിരുന്നു.. കുറച്ചു കാലം കഴിഞ്ഞ് അവര്‍ തമ്മില്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങി..അതിന്‍റെ ഇടയിലെപ്പോഴോ ഒരു നിമിഷത്തില്‍ അവന്‍ അവളോട് തന്‍റെ പ്രണയം തുറന്നു പറഞ്ഞു.. ഒരു പൊട്ടിച്ചിരിയുടെ സ്മൈലി ആയിരുന്നു അച്ചുവിന്‍റെ മറുപടി.. അവന്‍ വളരെ സീരിയസ് ആണെന്ന് കണ്ടപ്പോള്‍ ”എനിക്ക് നിന്നോട് ഇഷ്ടക്കുറവൊന്നുമില്ല” എന്ന മറുപടി അവളവന് നല്‍കി.. അവനെ സംബന്ധിച്ച് രാജ്യം ലഭിച്ച രാജകുമാരനെ പോലെ ആയിരുന്നു അത്.. പിന്നീട് അവര്‍ തമ്മില്‍ കൂടുതല്‍ കൂടുതല്‍ അടുത്തു..തമ്മില്‍ രഹസ്യങ്ങളില്ലാതായി..
ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും അവര്‍ പരസ്പരം പങ്കുവെച്ചു..എങ്കിലും മാന്യതയുടെ പരിധി ലംഘിക്കാതിരിക്കാന്‍ രണ്ടാളും ശ്രദ്ധിച്ചിരുന്നു..ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ആ സൗഹൃദമെന്നോ പ്രണയമെന്നോ വേര്‍തിരിക്കാനാവാത്ത ആ ബന്ധം മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ജന്മദിനം വന്നത്…അവള്‍ക്ക് ഒരു സര്‍പ്രൈസാകണം എന്ന ആഗ്രഹം കൊണ്ടാണ് പന്ത്രണ്ടു മണിക്ക് നിമിഷങ്ങളെണ്ണി അവന്‍ കാത്തിരിക്കുന്നതും..അത്രമേല്‍ പ്രിയപ്പെട്ടവള്‍ ആണ് അച്ചു സിബിക്ക്.. സമയം 11.56..ഉടന്‍ തന്നെ അവന്‍ അവളുടെ നമ്പരിലേക്ക് വിളിച്ചു… അവളുറങ്ങിയിരുന്നില്ല..എന്താണ് ഈ രാത്രിയിലെന്ന ചോദ്യത്തിന് വെറുതേ നിന്നെ ഓര്‍മ്മ വന്നപ്പോള്‍ വിളിക്കാന്‍ തോന്നി എന്ന മറുപടി നല്‍കി.
              പന്ത്രണ്ടു മണി ആയെന്നു കണ്ടപ്പോള്‍ തന്‍റെ ഏറ്റവും വലിയ സുഹൃത്തിന്, അല്ല കാമുകിക്ക്,അല്ലെങ്കില്‍ അതിനുമപ്പുറമെന്തോ അത് ആയവള്‍ക്ക് അവന്‍റെ പ്രണയത്തില്‍ പൊതിഞ്ഞ ജന്മദിനാശംസകള്‍ നേര്‍ന്നു..അവളെ സംബന്ധിച്ച് അതൊരു സര്‍പ്രൈസായിരുന്നു…കൂടുതല്‍ സംസാരിക്കാതെ അവന്‍ ഫോണ്‍ വെച്ചു.ഇനി കിടിലന്‍ പോസ്റ്റൊന്നുണ്ടാക്കി ഫേസ്ബുക്കിലിടണം.. അവന്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു..അവിടെയും ആരൊക്കെയോ വിഷ് ചെയ്യുന്നുണ്ട്.. അവളുടെ നന്ദി മറുപടിയും ഉണ്ട്.. അതിലൊന്നില്‍ മാത്രം കുറേയേറെ കമന്‍റ് കണ്ട് അവനതില്‍ വെറുതേ ക്ലിക്ക് ചെയ്തു…
സുന്ദരനായൊരു ചെറുപ്പക്കാരന്‍റെ ജന്മദിനാശംസകളാണ്… ആ കമന്‍റ് വായിച്ച് അവന്‍റെ കണ്ണു നിറഞ്ഞു തുളുമ്പി…
അവന്‍ : ജന്മദിനാശംസകള്‍ അച്ചൂസേ…
അവള്‍ : ഓഹ് വലിയ സ്നേഹമൊന്നും വേണ്ട..പന്ത്രണ്ടു മണിക്ക് വിളിച്ചില്ലല്ലോ..ആദ്യം നീ വിഷ് ചെയ്യുമെന്ന് കരുതി…വേറെ ആരൊക്കെ വിളിച്ചെന്നു പറഞ്ഞാലും നമുക്ക് പ്രിയപ്പെട്ടവര്‍ വിളിച്ചില്ലെങ്കില്‍ പിന്നെന്ത് സന്തോഷമാണ്..
അവന്‍ : സോറി,ബാലന്‍സിലാത്തത് അറിഞ്ഞില്ല അങ്ങനെ പറ്റിയതാണ്..
അവള്‍ : (ടൈപ്പിങ്ങ്)…
         സിബിയുടെ നിറഞ്ഞ കണ്ണുകളില്‍ അക്ഷരങ്ങള്‍ അവ്യക്തമായിക്കൊണ്ടിരുന്നു.. അവള്‍ക്കായി ടൈപ്പ് ചെയ്ത പോസ്റ്റ് ഡിലീറ്റ് ചെയ്ത് ലോഗൗട്ട് ചെയ്യുമ്പോള്‍ അവന്‍റെ നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു..
       ജീവിതം എന്നും ഒരുപാട് ട്വിസ്റ്റുകളുള്ള ഒരു കഥയാണ്..എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാവുന്നത്..നമ്മള്‍ പ്രിയപ്പെട്ടവരെന്നു കരുതുന്നവര്‍ക്ക് നമ്മളേക്കാള്‍ പ്രിയപ്പെട്ടവരുണ്ടാകാം നമ്മളവര്‍ക്ക് ആരുമല്ലാതെ പോലും വരാം...!!!

No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...