വളരെ നീതിനിഷ്ഠനായിരുന്നു ഷാ. അദ്ദേഹത്തിനൊരു സ്വഭാവമുണ്ട്. ഗൗരവമുള്ള ഏതു തീരുമാനം എടുക്കുന്നതിനും മുൻപ് അദ്ദേഹം ഇടുങ്ങിയ ഒരു മുറിയിൽ കയറി കതകടയ്ക്കും. കുറച്ചുകഴിഞ്ഞു പുറത്തിറങ്ങി തീരുമാനം അറിയിക്കും. പലരും അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ സംശയദൃഷ്ടിയോടെയാണു കണ്ടത്. ഷാ മരിച്ചപ്പോൾ ആ മുറിയിൽ എന്താണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടായി. അകത്തു കയറിയവർ ആകെ കണ്ടത് ഒരു കവണയും കുറേ കല്ലുകളും. അമ്പരന്ന ആളുകളോട് അവിടെയുണ്ടായിരുന്ന ഷായുടെ സുഹൃത്ത് പറഞ്ഞു : ഷാ ജീവിതം തുടങ്ങിയത് ഇടയബാലനായിട്ടായിരുന്നു.
പിന്നിട്ട വഴികളെക്കുറിച്ചു സ്വയം ഓർമപ്പെടുത്താൻ വേണ്ടിയാണ് അദ്ദേഹം മുറിയിൽ കയറി കതകടച്ചിരുന്നത്. പിന്നോട്ടു നടക്കേണ്ടതില്ല , പിന്നിട്ട വഴികളെക്കുറിച്ച് ഓർമയുണ്ടായാൽ മതി. ഭൂതം ഭാവിയൊരുക്കുമെന്നല്ല, ചില സ്മരണകൾ നിലനിർത്തും. ഒരിക്കലും മറക്കരുതാത്ത പാഠങ്ങളും അനുഭവങ്ങളും കൈവിളക്കായി കൂടെയുണ്ടെന്ന് ഉറപ്പുവരുത്തും.
മുൻപ് ആരായിരുന്നു എന്ന വസ്തുത, ഇപ്പോൾ ആരാണ് എന്ന അവസ്ഥയെ എളിമപ്പെടുത്തും. എല്ലാ തുടക്കവും ചെറുതായിരിക്കും. എത്ര വലുതായി തീർന്നാലും ആ തുടക്കത്തെ ബഹുമാനിക്കണം. ആരുടെയും ആദ്യചുവടുകളെ അവഹേളിക്കരുത്. അവർ എന്തായിത്തീരുമെന്ന് അവർക്കോ ആ ചുവടുകൾക്കോ നമുക്കോ പറയാനാകില്ല. ആർക്കും എന്തും ആയിത്തീരാം - തുടങ്ങാനുള്ള ധൈര്യവും എത്തിച്ചേരാനുള്ള ആർജ്ജവവും എത്തിച്ചേർന്ന സ്ഥലങ്ങളോടു വിടപറയാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ..
റോബിൻ ടൈറ്റസ്

No comments:
Post a Comment
Thank You